അരണ്ട വെളിച്ചത്തിലിരുന്ന് അവർ തല പുകച്ചു. ഒരു പേരിൽ എന്തിരിക്കുന്നു എന്ന പുരോഗമന ചിന്തയോടെയാണ് വന്ന പേരുകളുടെ പരിശോധന തുടങ്ങിയത്. പക്ഷേ, മണിക്കൂർ ഒന്നു പിന്നിട്ടിട്ടും കൊള്ളാവുന്ന ഒരു പേര് ക്ലിക്ക് ആയിട്ടില്ല. പേരിനു ക്ലിക്ക് മാത്രം പോരാ, കിക്കുകൂടി വേണമെന്നല്ലേ സർക്കാർ പറഞ്ഞിരിക്കുന്നത്. പേരിനു കിക്ക് വേണമെങ്കിൽ ചിന്തിക്കുന്നവനു ലക്കുണ്ടാകാൻ പാടില്ല. അതുകൊണ്ടു സർക്കാർ പുറത്തിറക്കാൻ പോകുന്ന കുപ്പിയുടെ പേരിടീൽ കർമം കുപ്പിക്കു ചുറ്റുമിരുന്നു നിർവഹിച്ചുകൊണ്ടിരിക്കുകയാണ് അണികൾ.
“നമ്മുടെ സർക്കാർ പറഞ്ഞാൽ കുപ്പിക്കു പേരിടീൽ മാത്രമല്ല നൂലുകെട്ട് വരെ നമ്മൾ നടത്തും...” -ചിന്തകളുടെ പാപ്പാഞ്ഞിക്കു തീപിടിച്ചതോടെ ബുദ്ധിജീവി സഖാവ് സാമൂഹ്യ പ്രതിബദ്ധത ഊറ്റിയുറപ്പിച്ചു.
“കേട്ടാൽ ആരെയും ടച്ച് ചെയ്യുന്ന ഒരു പേരാണ് നമുക്ക് ആവശ്യം” -ഇത്രയും പറഞ്ഞിട്ട് യുവനേതാവ് ടച്ചിംഗ്സിൽ ഒന്നു തോണ്ടി.
“എന്റെ സംശയം അതല്ല, ഇത്രയും ഐഎഎസുകാരും ആപ്പീസറുമാരുമൊക്കെ ഉണ്ടായിട്ടും ഒരു കുപ്പിക്കു പേരിടാൻ നാട്ടുകാരുടെ പിറകെ നടക്കേണ്ട കാര്യമുണ്ടോ? ആ തീരുമാനംതന്നെ പാളി എന്നാണ് എനിക്കു തോന്നുന്നത്” -ഘടകകക്ഷിനേതാവ് അപ്രിയസത്യം തുറന്നുപറഞ്ഞു. ഇതുകേട്ടതും ബുദ്ധിജീവി സഖാവ് ചാടിയെണീറ്റു. “കുപ്പിയെ എന്തു വേണമെങ്കിലും പറഞ്ഞോ. പക്ഷേ, പാളിയെ പറഞ്ഞാലുണ്ടല്ലോ. പാളിയിൽ തട്ടി മൊത്തം പൊളിഞ്ഞു നിൽക്കുവാ. അപ്പോഴാണ് വീണ്ടും പാളി..പാളി.’’
ഇതോടെ യുവനേതാവ് ഇടപെട്ടു: “നമ്മൾ ഇവിടെ കൂടിയിരിക്കുന്നതു കുപ്പിയുടെ പേരു തീരുമാനിക്കാനാണ്, അല്ലാതെ പാളിയെ കുപ്പിയിലാക്കാനല്ല. പേരിടീൽ അവസാനം പേരുദോഷമാകരുത്. ലക്ക്, കിക്ക്, ക്ലിപ്പ്... ഇതൊക്കെയാണ് നമ്മുടെ സർക്കാരിനെ താങ്ങിനിർത്തുന്നതെന്ന് അറിയാമല്ലോ. ആ ഗൗരവം എല്ലാവരുടെയും തലയ്ക്കു പിടിച്ചുവേണം നമ്മൾ ഈ കർമം നിർവഹിക്കാൻ.”
“എന്തായാലും പേരിടാനും മായ്ക്കാനും മറിക്കാനുമൊക്കെ അങ്ങ് കേന്ദ്രത്തിൽ ഇരിക്കുന്നവരാ കൂടുതൽ വിരുതന്മാർ. എത്രയോ പേരുകളാണ് അവർ മാറ്റിമറിച്ചത്. തൊഴിലുറപ്പിലെ ഗാന്ധിയുടെ പേര് വരെ വെട്ടിയില്ലേ...’’- ബുദ്ധിജീവിസഖാവ് പരിതപിച്ചു.
“എന്തിനാണ് നമ്മൾ ഇപ്പോൾ ഇങ്ങനെയൊരു പുതിയ കുപ്പി പുറത്തിറക്കുന്നത്. അല്ലാതെതന്നെ ആളുകൾക്കു വിഴുങ്ങാൻ ഇഷ്ടം പോലെ നാട്ടിലുണ്ടല്ലോ. ഇലക്ട്രിക് പോസ്റ്റിനേക്കാൾ കൂടുതൽ ബാറുള്ള നാടാണിത്.” -ഘടകകക്ഷിക്ക് അസൂയ സഹിക്കുന്നില്ല.
“പെൻഷൻ കുത്തനെ കൂട്ടിയില്ലേ, ലോട്ടറിയുടെ സമ്മാനങ്ങൾ കൂട്ടിയില്ലേ, ഇനി പെൻഷൻ ഇല്ലാത്ത സ്ത്രീകൾക്ക് അക്കൗണ്ടിൽ തുക... ഇങ്ങനെ ധാരാളമായി പണം ജനങ്ങളുടെ കൈയിലേക്കു വരുന്പോൾ അവർക്കു ചെലവഴിക്കാനുള്ള മാർഗംകൂടി ഉണ്ടാകണമെന്നതാണ് സാന്പത്തികതത്വം. അതിനുള്ള ചെലവുകുറഞ്ഞ മാർഗമാണ് കുപ്പി ഇറക്കിക്കൊടുക്കുക. ജനം കുത്തിമറിഞ്ഞോളും. ഇപ്പോൾ കത്തിയോ? നിങ്ങളുടെ പാർട്ടിയിൽ സ്റ്റഡി ക്ലാസുകൾ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സംശയങ്ങൾ.” -ബുദ്ധിജീവിസഖാവ് കിട്ടിയ അവസരത്തിൽ ചെറിയൊരു പാർട്ടി ക്ലാസ് നടത്തി.
“ഇനിയിപ്പോൾ ചെയ്യാവുന്നത് ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പത്തു പേരുകൾ നമുക്കു വായിക്കാം. അതിൽനിന്നു കൊള്ളാവുന്ന ഒരു പേര് കുപ്പിക്കിടാം.” -ഇത്രയും പറഞ്ഞിട്ട് യുവനേതാവ് ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പത്തു പേരുകൾ വിദഗ്ധസമിതി മുന്പാകെ വായിക്കാൻ തുടങ്ങി: ഇരട്ടമങ്ക്, ഗോൾഡൻ പാളി, മേയർ, കാരണഭൂത്, മാൻഡ്രേക്ക്, ലുട്ടാപ്പി, ഗുണ്ട്... ഇത്രയുമായപ്പോൾ നേതാവ് വായന നിർത്തി. “ശെടാ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലോ... കുപ്പി മാറിപ്പോയോ? ഈ പേരുകളൊക്കെ നേരത്തേ എവിടെയോ കേട്ടിട്ടുണ്ടല്ലോ.”
അപ്പോൾ വിദഗ്ധസമിതി സെക്രട്ടറി പറഞ്ഞു: “സാറേ ഇതാണ് ഇപ്പോൾ കേരളത്തിലെ ജനത്തിനു കേൾക്കുന്പോൾത്തന്നെ കിക്ക് കേറി ലക്ക് പോകുന്ന പേരുകൾ!”
മിസ്ഡ് കോൾ
ചോദ്യത്തിൽ കുരുങ്ങി, ഉത്തരം പാളി;
മാധ്യമപ്രവർത്തകരുടെ മൈക്ക്
തള്ളിമാറ്റി വെള്ളാപ്പള്ളി.
- വാർത്ത.
വെള്ളാപ്പാളി!